സ്വപ്നങ്ങളില്ലാത്ത മനുഷ്യരോളം വൃത്തികെട്ട ജന്തുക്കൾ വേറെ ഏതുണ്ട് ഈ ഭൂമിയിൽ?
"നിങ്ങൾ നിങ്ങളിൽ നിന്ന് ഇടക്കിടെ ഇറങ്ങി നടക്കാറുള്ള "നിങ്ങളെ" കണ്ടിട്ടുണ്ടോ? നിങ്ങളോട് ഒരനുവാദവും ചോദിക്കാതെ, നിങ്ങൾ ഭയക്കുന്ന യാതൊന്നിനേയും വകവെക്കാതെ നിങ്ങളിൽ നിന്ന് ഇറങ്ങിപ്പോകുന്ന നിങ്ങളെ ? നടപ്പു ലോകക്രമങ്ങളെ അനുസരിക്കാത്ത ഒരുകുറുമ്പൻ കുട്ടിയേപ്പോലുള്ള നിങ്ങളെ...... മിക്കപ്പോഴും അത് ഒറ്റക്കാണ് പോകുക, മറ്റു ചിലപ്പോഴാവട്ടെ അതിന് ഇഷ്ടമുള്ള ഒരാളുടെ കൈയ്യും പിടിച്ച് . അത് ശരിക്കും ഒരാളാകണമെന്നില്ല. മറ്റൊരാളിൽ നിന്ന് ഇതുപോലെ ഇറങ്ങിപ്പോന്ന ഒരുവൻ/ ഒരുവൾ ആയിരിക്കാം.. അങ്ങനെയാണെങ്കിൽ കുശാലായി. കുളിരും വസന്തവും മാത്രമുള്ള അതിരുകളില്ലാത്ത പൂത്തുലഞ്ഞ ഒരു പുൽമേടിലൂടെയാവും അവരുടെ സഹ സഞ്ചാരം. ആനന്ദത്തിന്റെ കൊടുമുടികൾ അവരിലേക്ക് ഇറങ്ങിവരികയാണ് ചെയ്യുക, എല്ലാ ദുർഘടങ്ങളുമൊഴിവാക്കി ഒരു മധുരിക്കുന്ന കടൽപോലെ അത് നിങ്ങൾക്കു ചുറ്റും പടർന്ന് പതയും. "അരുത് " എന്നൊരു വാക്കില്ലാത്ത ഒരു അത്ഭുതലോകമാണ് അത്. തന്നിഷ്ടക്കാരികളാണ് സകലരും! മുഖം മൂടികളില്ലാത്ത മനുഷ്യരുടെ ലോകം.. മനോഹരമായ നടക്കാത്തസ്വപ്നങ്ങൾ നിരോധിക്കപ്പെട്ട ഒരിടം. ശരിക്കും പറഞ്ഞാൽ നിങ്ങളിൽ നിന്ന് ഇറങ്ങി നടക...