സ്വപ്നങ്ങളില്ലാത്ത മനുഷ്യരോളം വൃത്തികെട്ട ‌ ജന്തുക്കൾ വേറെ ഏതുണ്ട്‌‌ ഈ ഭൂമിയിൽ?

 "നിങ്ങൾ നിങ്ങളിൽ നിന്ന് ഇടക്കിടെ ഇറങ്ങി നടക്കാറുള്ള "നിങ്ങളെ" കണ്ടിട്ടുണ്ടോ?

നിങ്ങളോട്‌ ഒരനുവാദവും ചോദിക്കാതെ,
നിങ്ങൾ ഭയക്കുന്ന യാതൊന്നിനേയും വകവെക്കാതെ നിങ്ങളിൽ നിന്ന് ഇറങ്ങിപ്പോകുന്ന നിങ്ങളെ ?
നടപ്പു ലോകക്രമങ്ങളെ അനുസരിക്കാത്ത ഒരുകുറുമ്പൻ കുട്ടിയേപ്പോലുള്ള നിങ്ങളെ......
മിക്കപ്പോഴും അത്‌ ഒറ്റക്കാണ്‌ പോകുക,
മറ്റു ചിലപ്പോഴാവട്ടെ അതിന്‌ ഇഷ്ടമുള്ള ഒരാളുടെ കൈയ്യും പിടിച്ച്‌ .
അത്‌ ശരിക്കും ഒരാളാകണമെന്നില്ല. മറ്റൊരാളിൽ നിന്ന് ഇതുപോലെ ഇറങ്ങിപ്പോന്ന ഒരുവൻ/ ഒരുവൾ ആയിരിക്കാം..
അങ്ങനെയാണെങ്കിൽ കുശാലായി.
കുളിരും വസന്തവും മാത്രമുള്ള അതിരുകളില്ലാത്ത പൂത്തുലഞ്ഞ ഒരു പുൽമേടിലൂടെയാവും അവരുടെ സഹ
സഞ്ചാരം.


ആനന്ദത്തിന്റെ കൊടുമുടികൾ അവരിലേക്ക്‌ ഇറങ്ങിവരികയാണ്‌ ചെയ്യുക,
എല്ലാ ദുർഘടങ്ങളുമൊഴിവാക്കി ഒരു മധുരിക്കുന്ന കടൽപോലെ അത്‌ നിങ്ങൾക്കു ചുറ്റും പടർന്ന് പതയും.
"അരുത്‌ " എന്നൊരു വാക്കില്ലാത്ത ഒരു അത്ഭുതലോകമാണ്‌ ‌ അത്‌.
തന്നിഷ്ടക്കാരികളാണ്‌ സകലരും!
മുഖം മൂടികളില്ലാത്ത മനുഷ്യരുടെ ലോകം..
മനോഹരമായ നടക്കാത്തസ്വപ്നങ്ങൾ നിരോധിക്കപ്പെട്ട ഒരിടം.
ശരിക്കും പറഞ്ഞാൽ നിങ്ങളിൽ നിന്ന് ഇറങ്ങി നടക്കുന്ന ആ "നിങ്ങളാണ്‌ ശരിക്കും നിങ്ങൾ!
കാലുകളിൽ ചങ്ങല വ്രണങ്ങളുമായി ഉത്സവപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ആ കറുത്ത ജീവിയല്ല ശരിക്കും ആന.
അത്‌ ,അതിന്റെ ഉള്ളിൽ അമർത്തിവെച്ചിരിക്കുന്ന ആ വനവന്യതയാണ്.‌
തിരിച്ചു വരാതിരിക്കാനുള്ള ഒന്നൊന്നുമല്ല ആ ഇറങ്ങിപ്പോക്ക്‌.
അവനവൻ തന്നെ ഒപ്പിടുന്ന ഒരു പരോൾ ഉത്തരവാണത്‌.
നിറങ്ങൾ നരച്ചതും, ഈർപ്പം നിറഞ്ഞതും കുമിൾമണമുള്ളതുമായ നടപ്പ്‌ ജീവിതം എന്ന തടവറയിൽ നിന്നും നിങ്ങൾ നിങ്ങളെകുറച്ച്‌ സമയത്തേക്ക്‌ ഇറക്കിവിടുകയാണ്‌ .
നിത്യവും ശകാരിക്കുകയും അധികാരപ്രയോഗം നടത്തുകയും ചെയ്യുന്ന ആ കടും പിടുത്തക്കാരനായ മേലധികാരിയോട്‌
"എനിക്ക്‌ സൗകര്യമില്ല, താൻ എന്താ ചെയ്യുന്നെങ്കിൽ അങ്ങ്‌ ചെയ്യ് ‌!" എന്ന് ഒച്ചവെച്ചത്‌ അൽപനേരത്തേക്ക്‌ ഇറങ്ങിപ്പോയ ആ അവനാണ്‌.
ബലാത്സംഗ തുല്യം തന്നെ ഭോഗിക്കുന്ന ഭർത്താവിനോട്‌ "നിന്റെ സ്പർശം എന്നിൽ വെറുപ്പുളവാക്കുന്നു , നിന്റെ ഉമ്മകൾ എനിക്ക്‌ അറയ്ക്കുന്നു " എന്നു പറഞ്ഞതും നിങ്ങളിൽനിന്ന് ഇറങ്ങിയ ആ മറ്റവളാണ്.‌.
ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചുകൊണ്ട്‌ അതി ധൈര്യവതിയെപ്പോലെ രജിസ്റ്ററോഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്നനേരം തന്നെ
"അമ്മേ ,അമ്മേ" എന്ന് കരഞ്ഞു കൊണ്ട്‌ ആരുമറിയാതെ വീട്ടിലേക്കോടിക്കയറിയത്‌നിന്നിൽ നിന്നിറങ്ങിയ ആ ഇത്തിരി അവളാണ്‌.
നിലാവു പെയ്യുന്ന ഒരു നവംബർ രാത്രിയിൽ ,കോടമൂടിയ ആ പുൽമേടിലെ കുഞ്ഞൻ പൂക്കളുടെ മദസൗരഭ്യത്തിൽ മുങ്ങി‌ കടും കാപ്പിനിറമുള്ള അവന്റെ മുലഞെട്ടുകളിൽ നിർത്താതെ ചുംബിച്ചത്‌,
വിത്തിൽ നിന്ന് വന്മരമെന്നപോലെ അവനെയാകെ വളർത്തി പ്പടർത്തിയത്‌,
നവംബർ ഏഴിലം പാലകളോട്‌‌ എന്ന പോലെ അവനിൽ പൂക്കാലം നിറച്ചത്‌ , ഒക്കെ നിന്നിൽ നിന്ന് ഇറങ്ങി നടന്ന ആ നീയായിരുന്നു..
നീയും നീയും മാത്രമറിയുന്ന ഒരുടമ്പടിയാണത്‌.
മറ്റൊരാൾക്കും ഒറ്റിക്കൊടുക്കാൻ കഴിയാത്ത ഒരു അതിഗൂഢ രഹസ്യം.
ഘടികാര സൂചികൾ പോലെ ചലനം പരിമിതമായ ആ വീൽച്ചെയറിൽ നിന്നിറങ്ങിയാണ്‌ അവനിലെ അവൻ എൻഫീൽഡിൽ ലഡാക്കിലേക്കുള്ള സോളോ ട്രിപ്പിന്‌ പോയത്‌.
മുസ്സഫയിലെ പണിസ്ഥലത്തെ മണൽചൂടിൽ പണിയെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഇത്തിരി ഇടവേളയിലാണ്‌ അയാളിൽനിന്നിറങ്ങിയ അവൻ ആലങ്ങാട്ടെ അമ്പലച്ചിറയുടെ തണുപ്പിലേക്ക്‌ തിമിർത്തുചാടി അക്കരെയിക്കരെ പലവട്ടം നീന്തിയത്‌..
പക്ഷേ ഒന്നാലോചിച്ചു നോക്കൂ..
നിങ്ങൾ എത്ര ക്രൂരമായാണ്‌ അവളോട്‌/ അവനോട്‌ പെരുമാറിക്കൊണ്ടിരിക്കുന്നത്‌ ?
അവനോടുള്ള അധികാരപ്രയോഗത്തിൽ ഹിറ്റ്‌ലർ നിങ്ങളോളം വരുമോ?
എത്ര ക്ഷണത്തിലാണ് ‌നിങ്ങളവളെ തിരിച്ച്‌ പിടിച്ചുകൊണ്ട്‌ വരിക.
നടപ്പ്‌ ലോകക്രമത്തിന്റെ എന്തൊക്കെ തരം ആയുധങ്ങൾ കൊണ്ടാണ്‌ നിങ്ങളവളെ ദണ്ഡനം ചെയ്യുക.
സദാചാരത്തിന്റെ,അപവാദഭയത്തിന്റെ, ഭീരുത്വത്തിന്റെ, ദൈന്യത്തിന്റെ, ദാരിദ്ര്യത്തിന്റെ അങ്ങനെയങ്ങനെ എത്ര തരം ചങ്ങലകൾ കൊണ്ടാണ്‌ നിങ്ങളവളെ നിഷ്കരുണം തളക്കുക!
അതെപ്പോഴും അങ്ങനെയാണ്‌ ,ആലോചിച്ചാൽ അത്‌ അതി വിചിത്രവുമാണ്‌.
അവനവനെ അടക്കിഭരിക്കുന്നതിനോളം കർക്കശമായി നാം അപരനെ ഭരിക്കുക പതിവുണ്ടോ?
അവനവനോട്‌ പറയേണ്ടി വരുന്ന അത്രയും അരുതുകൾ നമുക്ക്‌ മറ്റൊരുവനോട്‌ പറയേണ്ടിവരാറുണ്ടോ?
അതു കൊണ്ട്‌ പ്രിയപ്പെട്ടവരേ...
ലോകം നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌ എന്ന് നിങ്ങൾ കരുതുന്നതിനേക്കാൾ എത്രയോ ഇരട്ടിയുണ്ട്‌ നിങ്ങൾ സ്വയം നിങ്ങൾക്ക്‌ ഏർപ്പോടുത്തിയിട്ടുള്ള നിരീക്ഷണ നിയന്ത്രണങ്ങൾ എന്ന് ദയവായി മനസിലാക്കുക !
നിങ്ങളിൽ നിന്ന് ഇടക്കിടെ ഇറങ്ങിപ്പോകുന്ന തോന്നിവാസിയായ "നിങ്ങളെ" അതിന്റെ ഇഷ്ടപ്രകാരം കുറച്ച്‌ നടക്കാൻ അനുവദിച്ച ശേഷം പതിയെ മാത്രം തിരിച്ചുപിടിക്കുക..
അപകടകരമാം വിധത്തിൽ വേലികൾ പൊളിച്ച്‌ അന്യന്റെ വിളകൾക്ക്‌ നാശം വരുത്തുന്നില്ല എന്ന് നിങ്ങൾക്കുറപ്പുള്ളിടം വരെ അവൻ/ അവൾ
സന്തോഷപൂർവം മേഞ്ഞ്‌ നടക്കട്ടെ എന്ന് അവരോട്‌ സൗമനസ്യം കാട്ടുക.
സ്വപ്നങ്ങളില്ലാത്ത മനുഷ്യരോളം വൃത്തികെട്ട ‌ ജന്തുക്കൾ വേറെ ഏതുണ്ട്‌‌ ഈ ഭൂമിയിൽ

Comments