മുലയൂട്ടൽ വാരം

 മുലയൂട്ടൽ വാരം ആഘോഷിച്ചു നടക്കുന്നതിനിടയിൽ കണ്ട ഒരു കാഴ്ച പറയട്ടെ??

കഴിഞ്ഞ ആഴ്ച ബസ്സിൽ പോകുമ്പോൾ ആണ് നീനയെ പരിചയപ്പെട്ടത്. നീനയുടെ കുഞ്ഞിന് മൂന്നു മാസം പ്രായം മാത്രമേ ഉള്ളൂ. ഗർഭകാലത്തുണ്ടായിരുന്ന ശാരീരികമായ പല ബുദ്ധിമുട്ടുകൾ കാരണം രണ്ടര മാസത്തോളം അവധിയിൽ ആയിരുന്നു നീന. അതുകൊണ്ട് കുഞ്ഞു ജനിച്ച ശേഷം ആകെയുള്ള ആറുമാസങ്ങളിലെ ബാക്കിയുള്ള മൂന്നു മാസങ്ങൾ മാത്രമാണ് അവൾക്കു കുഞ്ഞിനോടൊപ്പം ഇരിക്കാൻ കഴിഞ്ഞത്. രാവിലെ മുതൽ വൈകിട്ട് വരെ ജോലി ആയതിനാൽ കുഞ്ഞിനെ വേർപെട്ടിരിക്കുകയും വേണം. അതിന്റെ ഫലമായി പാല് കുറഞ്ഞു. മുലപ്പാലിനനുരൂപമായ പൊടി കലക്കികൊടുക്കുന്നതു കൊണ്ട് നീന വീട്ടിൽ എത്തിയാലും കുഞ്ഞിന് ഇഷ്ടം മറ്റേ പാലിനോട്.
ചില ദിവസങ്ങളിൽ കുഞ്ഞു രാത്രി മുഴുവൻ കരഞ്ഞു വിളിക്കും. ചിലപ്പോൾ വയറിളകുന്നു. കുറച്ചു ദിവസങ്ങൾ ഇത് തുടർന്നപ്പോഴേക്കും കുഞ്ഞു ക്ഷീണിച്ചു, ശരീരഭാരം കുറഞ്ഞു. അന്വേഷിച്ചപ്പോ എന്താ?? പൊടി കലക്കുന്ന വെള്ളം കുറവാണെന്നുംപറഞ്ഞു കുഞ്ഞിന്റെ caretakers ആയ ഗ്രാൻഡ് പേരെന്റ്സ്
കൂടുതൽ വെള്ളം ചേർത്ത് കൊടുക്കുകയായിരുന്നു. പല വീടുകളിലും കാണാം ഇത്. കട്ടിയായി കൊടുക്കാൻ പലരും മടിക്കും. ഡോക്ടർ പറയുന്ന അളവ് കുഞ്ഞിന് ആവശ്യമായ അളവ് മാത്രമാണ് എന്നോർക്കണം.
ഗവണ്മെന്റ് ജോലിക്കാർക്ക് പോലും വെറും ആറുമാസം പ്രസവാവധി നൽകുന്ന നാട്ടിൽ ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്ന നയം എങ്ങനെ പ്രയോഗികമാകും എന്ന് മനസിലാകുന്നില്ല. പല സ്ത്രീകൾക്കും ഗർഭത്തിന്റെ അവസാനനാളുകളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അവധിയെടുക്കേണ്ടതായി വരാം. ചിലർക്ക് ഗർഭത്തിന്റെ ഇടയിലുള്ള ദിവസങ്ങളിൽ ഛർദി, ക്ഷീണം എന്നിങ്ങനെ പല കാരണങ്ങളാൽ അവധി ആവശ്യമായി വന്നേക്കാം. അങ്ങനെ വരുമ്പോൾ, ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നത് ഈ ആറുമാസം മാത്രം അവധി കൊടുത്തു് എത്തിച്ചേരാവുന്ന ഒരു ലക്ഷ്യമല്ല.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് മറ്റേർണിറ്റി ലീവ് എന്നും പറഞ്ഞ് വെറും നാലുമാസമെ (120 ദിവസം) കൊടുക്കുന്നുള്ളൂ. ഇത് ഒട്ടും പര്യാപ്‌തമല്ല. പിജി കാലയളവിൽ ആണ് പലരും അമ്മമാരാകുന്നത്. നിശ്ചിത കാലയളവിൽ, നിശ്ചിത അറ്റൻഡൻസ് ഉണ്ടെങ്കിലേ കോഴ്സ് പൂർത്തിയാക്കി പരീക്ഷ എഴുതാൻ പറ്റൂ എന്നുള്ളതിനാൽ ഡോക്ടർമാരായ അമ്മമാർ നാല് മാസത്തെ അവധി തീരും മുന്നേ (പലപ്പോഴും രണ്ടര മാസത്തിൽ തന്നെ) പഠനത്തിലേക്ക് തിരിയും. കുഞ്ഞിനോട് സ്നേഹമില്ലാത്തവാളാണോ ആതുരസേവനം ചെയ്യാൻ പോകുന്നത് എന്നൊക്കെ പറഞ്ഞു വിഷമിപ്പിക്കുന്ന ബന്ധുമിത്രാദികൾ വേറെ ! പക്ഷെ ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് അടുത്ത തലമുറയാണ് എന്ന് മറക്കരുത്. പ്രസവാവധി വർധിപ്പിക്കുക തന്നെ വേണം.
ജോലിയുള്ള അമ്മമാർക്ക് ഇത്തരം സാഹചര്യങ്ങളിൽ expressed breast മിൽക്ക് പമ്പ് ഉപയോഗിച്ച് എടുക്കാവുന്നതാണ്. എന്നാൽ കുടുംബത്തിലെ പല പ്രധാന ജോലികളും, പ്രത്യേകിച്ച് അടുക്കളജോലിഭാരം മുഴുവൻ സ്ത്രീ നോക്കിനടത്തേണ്ടിവരുന്ന സംസ്കാരം ഉള്ള നാട്ടിൽ ജോലീസംബന്ധമായ സ്ട്രെസ് കൂടെ ആവുമ്പോൾ ചുരത്തുന്ന പാലിന്റെ മേന്മ പോലും നഷ്ടപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്തു പ്രസവാവധികാലയളവ്‌ വർധിപ്പിച്ചേ തീരൂ.
സ്ത്രീസൗഹാർദപരമായ പോളിസികൾ ഉണ്ടാവണം. സ്ത്രീതൊഴിലാളികളുടെ എണ്ണം ഉറപ്പു വരുത്തുന്നതോടൊപ്പം നിശ്ചിതസംഖ്യയിൽ കൂടുതൽ സ്ത്രീത്തൊഴിലാളികൾ ഉള്ള തൊഴിലിടങ്ങളിലെല്ലാം child കെയർ സെന്ററുകൾ ഉണ്ടാവേണ്ടതാണ്.
മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന, work ചെയ്യുന്ന അമ്മമാർക്ക് അടക്കം ഈ സേവനങ്ങൾ ലഭ്യമാക്കിയേ തീരൂ. മുലയൂട്ടലിന്റെ പ്രാധാന്യം ഏറ്റവും അറിയുന്ന മെഡിക്കൽ ഫീൽഡിലെ ജോലിക്കാരായ അമ്മമാർക്ക് ഈ സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഒരു പുരോഗമനസമൂഹം എന്ന നിലയ്ക്ക് നമ്മൾ ഒരു പരാജയം ആണെന്ന് സമ്മതിക്കേണ്ടി വരും. പൊതുസ്ഥലങ്ങളിലെ/സ്ഥാപനങ്ങളിലെ മുലയൂട്ടൽകേന്ദ്രങ്ങളുടെ പ്രാധാന്യം എല്ലായ്പോഴും ചർച്ച ചെയ്യപ്പെടണം. തുറിച്ചുനോട്ടങ്ങളിൽ നിന്നൊഴിഞ്ഞു മാറി സ്ട്രെസ്സിലാതെ പാൽചുരത്താൻ ഓരോ അമ്മയ്ക്കും അവസരം ഉണ്ടാവണം. ജോലിസ്ഥലങ്ങളിൽ മുലപ്പാൽ പിഴിഞ്ഞോ പമ്പ് ചെയ്തോ റെഫ്രിഡ്ജററ്റ് ചെയ്തു സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വേണം.

Comments