IMS Act

 ഇതിൽ കുറച്ചെഴുതാൻ പറ്റിയില്ല. പ്രധാനപ്പെട്ടതെല്ലാം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. IMS act എന്തെന്നറിയുക.

മുലയൂട്ടൽ എന്ന് പറഞ്ഞാൽ ജനിച്ചുവീണത് മുതൽ മാതൃത്വം വാരിക്കോരിചൊരിയപ്പെട്ട പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് വിചാരിക്കുന്ന ഒരു സമൂഹമുണ്ട്. ഒരു ഡോക്ടറും അമ്മയുമായ എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ മകൾ ഈവയുടെ പപ്പാ എന്ന നിലയിൽ സെബാൻ എന്നെ ആ ദിവസങ്ങളിൽ സഹായിച്ചത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ആദ്യത്തെ കുറച്ച് ദിവസങ്ങൾ പ്രസവസംബന്ധമായ വളരെയധികം ബുദ്ധിമുട്ടുകളിലൂടെയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. മുലയൂട്ടുന്നതിനിടയിൽ അമ്മ ഉറങ്ങാതെ ശ്രദ്ധിക്കാൻ ആദ്യദിവസങ്ങളിൽ ആരെങ്കിലും കൂടെ ഉണ്ടാവേണ്ടതാണ്. ഒന്ന് എണീറ്റിരിക്കുമ്പോൾ പോലും പ്രസവത്തിന് വേണ്ടി യോനീഭിത്തി സർജിക്കലി കീറിയ മുറിവ് വേദനിക്കാൻ തുടങ്ങും. കൂടെ അതിയായ ക്ഷീണവും. സിസേറിയൻ ആയിരുന്നെങ്കിൽപിന്നെ പറയണ്ട ! പാലിന് വേണ്ടി ഈവ കരയുമ്പോഴൊക്കെ സെബാനായിരുന്നു ഈവയെ എടുത്തു തന്നിരുന്നത്. പാൽ കൊടുത്തു കഴിയുമ്പോൾ ഈവയെ തിരിച്ചു ബെഡിലോട്ട് വെക്കാൻ വരെ സെബാൻ സഹായിച്ചിരുന്നു. സെബാൻ ഇല്ലാത്ത സമയങ്ങളിൽ അമ്മയും സഹായിച്ചു. പക്ഷേ, ജീവിതപങ്കാളി ഇതൊക്കെ ചെയ്തു തരുമ്പോൾ ഉണ്ടാകുന്ന ആശ്വാസം മറ്റാർക്കും തരാൻ കഴിയില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മുലയൂട്ടലുമായി ബന്ധപ്പെട്ടു കാണുന്ന ചിത്രങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും കൂടെ കുഞ്ഞിന്റെ അച്ഛന്റെകൂടെ ചിത്രം കാണാത്തതിൽ പലപ്പോഴും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് കടന്നുപോകാനുള്ളത്ര സുഖകരമായ അവസ്ഥയല്ല ഗർഭകാലവും പ്രസവശേഷമുള്ള കുറേ നാളുകളും എന്നതിനാൽ സപ്പോർട്ട് സിസ്റ്റത്തിന്റെ പ്രാധാന്യം സമൂഹം ഒന്നടങ്കം ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകമുലയൂട്ടൽ വാരം ഓഗസ്റ്റ് ഒന്ന് മുതൽ ഏഴു വരെ.
1990ൽ യൂണിസെഫിന്റെ innocenti declarationലാണ് ആദ്യമായി മുലയൂട്ടലിന്റെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കപ്പെടുന്നത്. അതിന്റെ ഭാഗമായി വന്ന IYCFഉം BFHIഉം ഇതേ ഉദ്ദേശം നടപ്പാക്കുന്നതിൽ വളരെയധികം പങ്ക് വഹിക്കുന്നു.
Foundation of Life ജീവന്റെ അടിസ്ഥാനം എന്നതാണ് ഈ വർഷത്തെ വിഷയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പ്രസവശേഷം എത്രയും നേരത്തേ (ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ) കുഞ്ഞിന് മുലപ്പാൽ ലഭ്യമാക്കുക എന്ന വിഷയം വളരെ പ്രാധാന്യമുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. അതിന് ഒന്നുകൂടെ ഊന്നൽ കൊടുക്കുകയാണ് ഈ വർഷത്തെ ലക്ഷ്യം.
എന്തുകൊണ്ട് എത്രയും നേരത്തേ അല്ലെങ്കിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ?
1 ജനിച്ചു ആദ്യത്തെ ഒരു മണിക്കൂറോളം കുഞ്ഞ് വളരെ ആക്റ്റീവ് ആയിരിക്കും. അതിനുശേഷം കുഞ്ഞിന്റെ ആക്ടിവിറ്റി കുറയാൻ തുടങ്ങുന്നു. ഉറക്കത്തിലോട്ട് പോകാനും chance ഉണ്ട്. ഈ സമയത്തിനുള്ളിൽ പാലൂട്ടുകയാണെങ്കിൽ കട്ടികൂടിയ കൊളസ്ട്രം(ആദ്യത്തെ രരണ്ടുമൂന്നു ദിവസങ്ങളോളം സ്രവിക്കപ്പെടുന്നത്) മുലയിൽ നിന്നും വലിച്ചെടുക്കാൻ കുഞ്ഞിന്റെ suckling റിഫ്ലക്സ്‌ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. വിവിധ രോഗങ്ങൾക്കെതിരെയുള്ള പ്രതിദ്രവ്യങ്ങളും (immunoglobulins/antibodies) മസ്‌തികവളർച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമായ കൊഴുപ്പുകളും അടങ്ങിയ ഈ കൊളസ്ട്രം ആണ് കുഞ്ഞിന്റെ ആദ്യത്തെ "വാക്‌സിൻ" (പ്രതിരോധം).
2. ആദ്യത്തെ ഒരുമണിക്കൂറിനുള്ളിൽ എന്നത് അമ്മയെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്നു. പ്രസവമെന്ന സങ്കീർണപ്രക്രിയയ്ക്കു ശേഷം മാനസികമായും ശാരീരികമായും തളർന്ന സ്ത്രീയെ സംബന്ധിച്ച് തന്റെ കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് ആശ്വാസം പകരുന്ന ഒന്നാവും. കുഞ്ഞിനെ കാണുന്നതും സ്പർശിക്കുന്നതും മണക്കുന്നതും പാലൂട്ടുന്നതുമെല്ലാം അമ്മയുടെ മസ്‌തികത്തിൽ നിന്നും ഓക്‌സിടോസിൻ, പ്രൊലാക്ടിൻ എന്നീ ഹോർമോണുകൾ സ്രവിക്കപ്പെടാൻ കാരണമാകുന്നു. Prolactin പാലുണ്ടാകാനും ഓക്‌സിടോസിൻ പാൽ ചുരത്താനും സഹായകമാകുന്നു. ഗർഭാശയഭിത്തിയിലെ പേശികൾ സങ്കോചിക്കുന്നതിൽ ഓക്സിടോസിനുള്ള പങ്ക് വലുതാണ്. പ്രസവശേഷമുള്ള രക്തസ്രാവം കുറയാൻ ഈ പ്രവർത്തനം സഹായകമാകുന്നു.
ഈ ഒരുമണിക്കൂർ എന്നത് പിന്തുടരുമ്പോൾ, കുഞ്ഞുമായി എത്രയും വേഗത്തിൽ ബന്ധം സ്ഥാപിക്കാമെന്നതുപോലെ, പാലൂട്ടിയ ശേഷം വിശ്രമിക്കാനുള്ള അവസരം കൂടെ അമ്മക്ക് പെട്ടെന്ന് ലഭിക്കുകയും ചെയ്യുന്നു. പ്രസവപ്രക്രിയയുടെ സങ്കീർണത നൽകിയ ക്ഷീണം മാറ്റാൻ ഈ വിശ്രമം വളരെയധികം സഹായകമാണ്.
3 അമ്മയുമായി skin contact ലഭ്യമാകുന്നതോടെ
ശരീരോഷ്മാവ് താഴ്ന്നുപോകുന്നതുകൊണ്ടുള്ള സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുന്നു. (Hypothermia എന്നത് ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഒരു വലിയ സങ്കീർണതയാണ്.)
4 നേരത്തേ മുലയൂട്ടൽ തുടങ്ങുന്ന കുട്ടികളിൽ neonatal mortality rate കുറവാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കുഞ്ഞ് പാലിന് വേണ്ടി കരയുമ്പോളൊക്കെ പാൽ കൊടുക്കണം. Demand feeding എന്നാണ് ഇതിനു പറയുന്നത്. എന്നാൽ ഒരു തവണ പാൽ കൊടുത്തു് എത്ര നേരത്തിനു ശേഷം കുഞ്ഞ് കരയുന്നു എന്നത് പ്രധാനമാണ്. ഒരു തവണ പാൽ കൊടുത്തു കഴിഞ്ഞു വളരെ പെട്ടെന്ന് തന്നെ കുഞ്ഞു കരയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം വിശപ്പാവണമെന്നില്ല. പലപ്പോഴും burping(പാൽ കുടിച്ച ശേഷം കുഞ്ഞിന്റെ പുറത്ത് തട്ടിയോ തടവിയൊ വയറിൽ തങ്ങിയ വായു കളയൽ) ശരിയായ രീതിയിൽ ആവാത്തതാവും കാരണം. Burping ശരിയായാൽ കുഞ്ഞ് ഏമ്പക്കശബ്ദം (വായിലൂടെ വായു പുറത്ത് പോകുന്ന ശബ്ദം) പുറത്തുവിടുന്നു. എത്ര നേരം burp ചെയ്യണം എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോ പെട്ടെന്ന് കുഞ്ഞ് ഏമ്പക്കം വിടുന്നു. ചിലപ്പോ ഏമ്പക്കം ഉണ്ടാവണമെന്നുമില്ല. ചിലപ്പോൾ പത്തോ പതിനഞ്ചോ മിനിറ്റ് എടുക്കും. പലതരം burping പൊസിഷനുകൾ ഉണ്ട്. പ്രസവശേഷം ആശുപത്രിയിൽ നിന്നിറങ്ങും മുന്നേ അതെല്ലാം ചോദിച്ചറിയുക. ചുണ്ട് നുണയുക sucking ശബ്ദം ഉണ്ടാക്കുക വിരൽ നുണയുക എന്നിവയെല്ലാം പാൽ വേണമെന്ന സൂചനകളാവാം. എന്നിട്ടും കിട്ടിയില്ലെങ്കിൽ പിന്നെ കരച്ചിലും 😉 കുഞ്ഞുങ്ങൾക്ക് ബോറടിച്ചാലും കരയാംട്ടോ ! ആദ്യത്തെ ഒന്നുരണ്ടു മാസം നന്നായി പാൽ കുടിച്ചശേഷം കുഞ്ഞുങ്ങൾ ഉറക്കത്തിലോട്ട് പോകാം. ഒരു ദിവസം ആറോ ഏഴോ തവണയിലധികം മൂത്രമൊഴിക്കാം. ഒന്നിലധികം തവണ മലവിസർജനം നടത്തും. ശരീരഭാരം കൂടും. ഇതിനർത്ഥം അമ്മക്ക് വേണ്ടത്രയും പാൽ ഉണ്ടെന്നാണ്.
ആദ്യത്തെ രണ്ടുമൂന്നു ദിവസം കട്ടിയായ കൊളസ്ട്രം മാത്രമേ ഉണ്ടാവൂ. പാലില്ലെന്നും വിചാരിച്ചു കുഞ്ഞിന് യാതൊരു ദ്രാവകങ്ങളും കൊടുക്കരുത്. പ്രസവശുശ്രൂഷ ചെയ്യാൻ വരുന്നവർ ചിലയിടങ്ങളിൽ അമ്മക്ക് പാൽ ഇല്ലെന്നും പറഞ്ഞ് അമ്മയുടെ മുലകൾ വേദനകൊണ്ട് പുളയും വിധത്തിൽ ഞെക്കിപ്പിഴിയാറുണ്ട്. ഒട്ടും ആരോഗ്യകരമല്ല ഇത്. മുലഞ്ഞെട്ടിന് മുറിവ് പറ്റാനും അണുബാധ ഉണ്ടാവാനും വരെ ഇത് കാരണമാകാം. മുലയൂട്ടുമ്പോൾ കുഞ്ഞിന്റെ പൊസിഷൻ ശരിയായ വിധത്തിലാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ആദ്യത്തെ നാലഞ്ച് ആഴ്ചകളിൽ കുഞ്ഞ് മുലപ്പാൽ കുടിക്കാനായി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുത്തേക്കാം. അത് ഓരോ കുട്ടിയിലും വ്യത്യസ്തമാണ്. (നല്ല sucking ശേഷിയുള്ള കുട്ടികൾ അതിന് മുന്നേയും പാൽ കുടിച്ചു തീർക്കാം.) അതുകൊണ്ട് തന്നെ വളരേയധികം ക്ഷമ ആവശ്യമുള്ള ഒരു പ്രക്രിയയാണ് മുലയൂട്ടൽ. കിടന്നു മുലയൂട്ടമോ എന്ന ചോദ്യം പല അമ്മമാർക്കും കുടുംബക്കാർക്കും ഉണ്ടായേക്കാം. ആദ്യത്തെ കുറച്ച് നാളുകൾ ഇരിക്കുക തന്നെ ചെയ്യുക. യോനീഭിത്തിയിലുള്ള മുറിവിൽ അമർന്നിരുന്നു മുലയൂട്ടുന്നത് മുറിവ് പെട്ടെന്നുണങ്ങാൻ സഹായിക്കും. അല്ലാത്ത നേരങ്ങളിൽ അത്രയും നേരം അമർന്നിരിക്കേണ്ട സാഹചര്യം വരാറില്ല എന്നതുകൊണ്ട് ഇത് പ്രധാനമാണ്. ഇരുന്നോ കിടന്നോ എന്നുള്ളതല്ല പ്രധാനം കുഞ്ഞിനെ എങ്ങനെ താങ്ങുന്നു എന്നതാണ് ഏറ്റവും പ്രധാനം. കുഞ്ഞിന്റെ കഴുത്ത് അമ്മയുടെ elbowയിൽ ആയിരിക്കണം. Forearm കുഞ്ഞിന്റെ ദേഹത്തെ താങ്ങണം. കൈവെള്ളയിൽ കുഞ്ഞിന്റെ ചന്തിയോ തുടകളോ. ഇരിക്കുമ്പോഴാണ് ഈ രീതിയിൽ കുഞ്ഞിനെ പിടിക്കാൻ എളുപ്പം എന്നതുകൊണ്ടാണ് ഇരുന്നേ മുലയൂട്ടാവൂ എന്ന് പറയുന്നത്. പൊസിഷൻ ശരിയായില്ലെങ്കിൽ പാൽ ശ്വാസകോശത്തിലേക്കു പോയി അപകടമുണ്ടാകാൻ സാധ്യതയുണ്ട് എന്നത് മറക്കരുത്. കിടക്കുമ്പോൾ ഈ രീതി പിന്തുടരാൻ ചില സപ്പോർട്ടുകൾ ആവശ്യമായി വന്നേക്കാം. മാത്രമല്ല കിടന്നു കൊടുക്കുമ്പോൾ ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന്റെ അവസ്ഥ മുലയൂട്ടലിലുടനീളം ശ്രദ്ധിക്കേണ്ടതാകയാൽ അമ്മ ഉറങ്ങിപ്പോകാതെ ശ്രദ്ധിക്കുക. മുലയൂട്ടുമ്പോൾ കുഞ്ഞ് അമ്മയെ ഫേസ് ചെയ്യുന്ന വിധം ചേർത്ത് പിടിക്കുക. കുഞ്ഞിന്റെ വയർ അമ്മയുടെ വയറിൽ തൊട്ടിരിക്കും. മുഖം നെഞ്ചിലും. മുലഞെട്ടിനു ചുറ്റുമുള്ള ഇരുണ്ടനിറമുള്ള ഏരിയോള എന്ന ഭാഗം മുകളിലും താഴെയും പരമാവധി കുഞ്ഞിന്റെ വായിക്കുള്ളിലാവണം . എങ്കിൽ മാത്രമേ പാൽ വലിച്ചെടുക്കാൻ കഴിയൂ.
ജനിച്ചു ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നതാണ് ശാസ്ത്രീയമായി ശരിയായിട്ടുള്ളത്. അതിന് ശേഷം മുലയൂട്ടലിനോടൊപ്പംതന്നെ complementary feeding കൂടെ ഉൾപ്പെടുത്തേണ്ടതാണ്. രണ്ടുവർഷത്തോളം മുലപ്പാൽ കൊടുക്കണം എന്നാണ് ശാസ്ത്രീയമായ വിശദീകരണം. extended breast feeding വേണമെന്നാണ് WHO ഇപ്പോൾ പറയുന്നത്. അതായത് മുലപ്പാൽ കുടിക്കുന്നത് കുഞ്ഞ് തനിയെ നിർത്തുന്നത്
വരെ മുലയൂട്ടൽ തുടരാവുന്നതാണ്. അസുഖങ്ങൾ ഉള്ള സമയങ്ങളിൽ കൂടുതൽ തവണ മുലയൂട്ടേണ്ടതാണ്. എച്ച്ഐവി ബാധയുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കും (എച്ച്ഐവി ഉണ്ടോ ഇല്ലയോ, എച്ച്ഐവിക്കെതിരെയുള്ള മരുന്നുപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ആറുമാസം മുലപ്പാൽ മാത്രം നൽകണം എന്നാണ് WHO പറയുന്നത്. മുലപ്പാലിനനുരൂപങ്ങളായ പോഷണം ലഭ്യമാക്കാൻ മറ്റൊരു തടസ്സവും ഇല്ലാ എങ്കിൽ മാത്രം അത്‌ പരിഗണിക്കാവുന്നതാണ്.)
ആദ്യത്തെ ആറുമാസം മുലപ്പാൽ അല്ലാതെ കൊടുക്കാവുന്നവ എന്തൊക്കെ? ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാർ അസുഖങ്ങളുടെ ചികിത്സക്കായി എഴുതുന്ന മരുന്നുകൾ, പ്രതിരോധമരുന്നു തുള്ളികൾ, വിറ്റാമിൻ തുള്ളികൾ, വയറിളക്കം വരുമ്പോൾ ഉപയോഗിക്കാവുന്ന ഓ ആർ എസ് ലായനി എന്നിവ.
ആദ്യത്തെ ആറുമാസം എന്തുകൊണ്ട് മുലപ്പാൽ മാത്രം?
1 ആദ്യത്തെ ആറുമാസം കുഞ്ഞിന്റെ വളർച്ചക്കുള്ള എല്ലാ പോഷകഘടകങ്ങളും മുലപ്പാലിൽ ആവശ്യത്തിന് ലഭ്യമാണ്.
2 മറ്റു ഭക്ഷണവസ്തുക്കൾ ദഹിപ്പിക്കാനുള്ള വളർച്ച കുഞ്ഞിന്റെ ദഹനേന്ദ്രിയവ്യൂഹത്തിനില്ല. മുലപ്പാലിന് അനുരൂപമല്ലാത്ത മറ്റേതെങ്കിലും ഭക്ഷണം കുഞ്ഞിന് കൊടുത്താൽ അത് കുടൽമാലയിൽ ചെറിയ പോറലുകൾ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി ആഗിരണപ്രക്രിയ തകരാറിലാവുകയും ഇടവിട്ടുള്ള വയറിളക്കം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ കുഞ്ഞിന്റെ വളർച്ചക്ക് തടസം സംഭവിക്കുന്നു. മതപരമായ ചടങ്ങുകൾക്ക് പോലും ആറുമാസത്തിൽ താഴെ ഉള്ള കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ അല്ലാതെ മറ്റുപാലോ മറ്റു വെള്ളമോ കൊടുക്കരുത്.
ചില നാടുകളിൽ breast feeding groups ഉണ്ട്. അംഗങ്ങൾ തമ്മിൽ മാറിമാറി കുഞ്ഞിനെമുലയൂട്ടുന്ന രീതി. മുലപ്പാൽ മാത്രമേ കുഞ്ഞിന് കൊടുക്കാവൂ എന്നതിനെ മുറുകെപ്പിടിക്കുന്ന നല്ല കാര്യങ്ങൾ ആണിത്. മാസം തികയാത്ത കുഞ്ഞിന് ആ കുഞ്ഞിന്റെ അമ്മയുടെ പാൽ തന്നെയാണ് ഉത്തമം. അമ്മയുടെ പാൽ ഇല്ലെങ്കിൽ മുലപ്പാലിനനുരൂപമായ പൊടി നിർദിഷ്ട അളവിൽ തന്നെ കൊടുക്കണം. തോന്നിയപോലെ കൂടുതൽ വെള്ളം കൂടുതൽ പൊടി എന്നിവ ചേർക്കരുത്.
പക്ഷേ, ഗവണ്മെന്റ് ജോലിക്കാർക്ക് പോലും വെറും ആറുമാസം പ്രസവാവധി നൽകുന്ന നാട്ടിൽ ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്ന നയം എങ്ങനെ പ്രയോഗികമാകും എന്ന് മനസിലാകുന്നില്ല. പല സ്ത്രീകൾക്കും ഗർഭത്തിന്റെ അവസാനനാളുകളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അവധിയെടുക്കേണ്ടതായി വരാം. ചിലർക്ക് ഗർഭത്തിന്റെ ഇടയിലുള്ള ദിവസങ്ങളിൽ ഛർദി ക്ഷീണം എന്നിങ്ങനെ പല കാരണങ്ങളാൽ അവധി ആവശ്യമായി വന്നേക്കാം. അങ്ങനെ വരുമ്പോൾ, ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നത് ഈ അവധിമാത്രം കൊടുത്തു് എത്തിച്ചേരാവുന്ന ഒരു ലക്ഷ്യമല്ല. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മറ്റേർണിറ്റി ലീവ് എന്നു പറഞ്ഞ് കൊടുക്കുന്ന നാലുമാസവും ഒട്ടും പര്യാപ്‌തമല്ല. ഇത്തരം സാഹചര്യങ്ങളിൽ expressed breast മിൽക്ക് പമ്പ് ഉപയോഗിച്ച് എടുക്കാവുന്നതാണ്. എന്നാൽ കുടുംബത്തിലെ പല പ്രധാന ജോലികളും, പ്രത്യേകിച്ച് അടുക്കളജോലിഭാരം മുഴുവൻ സ്ത്രീ നോക്കിനടത്തേണ്ടിവരുന്ന സംസ്കാരം ഉള്ള നാട്ടിൽ ജോലീസംബന്ധമായ സ്ട്രെസ് കൂടെ ആവുമ്പോൾ ചുരത്തുന്ന പാലിന്റെ മേന്മ പോലും നഷ്ടപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്തു പ്രസവാവധികാലയളവ്‌ വർധിപ്പിച്ചേ തീരൂ. സ്ത്രീസൗഹാർദപരമായ പോളിസികൾ ഉണ്ടാവണം. സ്ത്രീതൊഴിലാളികളുടെ എണ്ണം ഉറപ്പു വരുത്തുന്നതോടൊപ്പം നിശ്ചിതസംഖ്യയിൽ കൂടുതൽ സ്ത്രീത്തൊഴിലാളികൾ ഉള്ള തൊഴിലിടങ്ങളിലെല്ലാം child കെയർ സെന്ററുകൾ ഉണ്ടാവേണ്ടതാണ്. മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന work ചെയ്യുന്ന അമ്മമാർക്ക് അടക്കം ഈ സേവനങ്ങൾ ലഭ്യമാക്കിയേ തീരൂ. മുലയൂട്ടലിന്റെ പ്രാധാന്യം ഏറ്റവും അറിയുന്ന മെഡിക്കൽ ഫീൽഡിലെ ജോലിക്കാരായ അമ്മമാർക്ക് ഈ സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഒരു പുരോഗമനസമൂഹം എന്ന നിലയ്ക്ക് നമ്മൾ ഒരു പരാജയം ആണെന്ന് സമ്മതിക്കേണ്ടി വരും. പൊതുസ്ഥലങ്ങളിലെ/സ്ഥാപനങ്ങളിലെ മുലയൂട്ടൽകേന്ദ്രങ്ങളുടെ പ്രാധാന്യം എല്ലായ്പോഴും ചർച്ച ചെയ്യപ്പെടണം. തുറിച്ചുനോട്ടങ്ങളിൽ നിന്നൊഴിഞ്ഞു മാറി സ്ട്രെസ്സിലാതെ പാൽചുരത്താൻ ഓരോ അമ്മയ്ക്കും അവസരം ഉണ്ടാവണം. ജോലിസ്ഥലങ്ങളിൽ മുലപ്പാൽ പിഴിഞ്ഞോ പമ്പ് ചെയ്തോ റെഫ്രിഡ്ജററ്റ് ചെയ്തു സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വേണം.
മുലപ്പാലിന്റെ ഗുണങ്ങൾ :
ആദ്യത്തെ ആറുമാസം കുഞ്ഞിന്റെ സമ്പൂർണ പോഷകാഹാരം.
കുഞ്ഞിന്റെ ആദ്യത്തെ രോഗപ്രതിരോധം. (നിർദ്ദേശിക്കപ്പെട്ട routine വാക്‌സിനേഷൻ പൂർണമായും ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുകയുമരുത്.)
മുലപ്പാലിനനിരൂപമായ ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ ചെലവ് വളരെ കുറഞ്ഞ മാർഗം.
മുലയൂട്ടുന്നതുകൊണ്ട് അമ്മയ്ക്കുള്ള ഗുണങ്ങൾ:
1 പ്രസവശേഷം ഗർഭപാത്രം ചുരുങ്ങാൻ സഹായിക്കുന്നു. തൽഫലമായി രക്തസ്രാവം വേഗത്തിൽ നിയന്ത്രിക്കപ്പെടുന്നു.
2 മുലയൂട്ടൽ ശരീരത്തിന് ഹാനികരമാണോ എന്ന് ചില അമ്മമാർക്ക് സംശയം ഉണ്ടാവാറുണ്ട്. ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇതിനില്ല. വേണ്ടത്ര പോഷകാഹാരം അമ്മ കഴിച്ചിരിക്കണം എന്നുമാത്രം.
3 സ്തനാർബുധത്തിന്റെയും ഗർഭാശയാർബുധത്തിന്റെയും റിസ്ക് മുലയൂട്ടലിന്റെ ദൈർഘ്യം കൂടുന്നതനുസരിച്ചു കുറയുന്നു എന്ന് പഠനങ്ങൾ പറയുന്നു.
4 കുഞ്ഞിനൊപ്പം ചെലവഴിക്കാൻ നിശ്ച്ചതസമയം ലഭിക്കുന്നു. ഒന്നിലധികം കുഞ്ഞുങ്ങളുള്ള അമ്മമാരെയും ജോലിയുള്ള അമ്മമാരെയും സംബന്ധിച്ചു ഇത് കൂടുതൽ സഹായകമാണ്.
ആവശ്യത്തിന് പാൽ ഉണ്ടോ എന്ന് എങ്ങനെ ഉറപ്പാക്കാം? ആദ്യത്തെ ഒന്ന് രണ്ട്‌ മാസങ്ങൾ പാൽ കുടിച്ച ശേഷം കുഞ്ഞു നന്നായി ഉറങ്ങും. ദിവസവും മിനിമം ആറോ ഏഴോ പ്രാവശ്യം മൂത്രമൊഴിക്കും. ഒന്നിലധികം തവണ മലവിസർജനം ചെയ്തേക്കാം. ശരീരഭാരം കൂടും. ഇത്രയും ഉണ്ടെങ്കിൽ അമ്മക്ക് വേണ്ടത്ര പാൽ ഉണ്ട്.
കുഞ്ഞിന്റെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ മതിയോ? പോരാ. അമ്മയുടെ ആരോഗ്യകരമായ വിശ്രമത്തിനും ഭക്ഷണത്തിനും ഉല്ലാസത്തിനും വരെ ശ്രദ്ധ ഉണ്ടാവണം. നോർമൽ പ്രസവമോ ഓപറേഷനോ ആയിക്കോട്ടെ. എത്ര പെട്ടെന്ന് എഴുന്നേറ്റു നടക്കാമോ അത്രയും പെട്ടെന്ന് നടക്കണം. ഗർഭകാലത്തും പ്രസവശേഷമുള്ള ആറാഴ്ചകളിലും രക്തം കട്ട പിടിക്കാനുള്ള പ്രവണത ശരീരത്തിന് കൂടുതലായിരിക്കും. ചില അസുഖങ്ങളിൽ ഈ പ്രവണത വളരെയധികം കൂടുന്നു എന്നതാണ് നടക്കണം എന്ന് പറയുന്നതിന്റെ കാരണം. രാത്രി കാലങ്ങളിൽ മുലയൂട്ടേണ്ടി വരും. ലൈറ്റ് ഇടാതെ തന്നെ മുലയൂട്ടുന്നത് അമ്മയെയും കുഞ്ഞിനെയും ഉറക്കം തുടരാൻ സഹായിക്കും. മുലയൂട്ടുന്നതിനിടയിൽ അമ്മ ഉറങ്ങിപ്പോകാതെ ശ്രദ്ധിക്കുക. കുഞ്ഞും ചിലപ്പോൾ ഉറങ്ങി പോകും. പതുക്കെ കാലുകളിലോ മറ്റോ തട്ടി കുഞ്ഞിനെ ഉണർത്താവുന്നതാണ്. അമ്മയെന്തൊക്കെ കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഗർഭകാലത്തു കഴിച്ചതിനെക്കാളും വർധിച്ചയാളവിലുള്ള പോഷണം മുലയൂട്ടൽ കാലഘട്ടത്തിൽ പിന്തുടരേണ്ടതാണ്. മുലപ്പാൽ മാത്രം കൊടുക്കേണ്ടുന്ന ആദ്യത്തെ ആറു മാസങ്ങളിൽ പ്രത്യേകിച്ച്. മുലയൂട്ടൽ എത്ര കാലത്തേക്കാണോ അത്രയും കാലം കാൽസ്യം കഴിക്കാൻ മറക്കരുത്. ഈ സമയം വേണ്ടത്ര കാൽസിയം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ അത്‌ മുടികൊഴിച്ചിലിനും പിൽക്കാലത്തു എല്ലുകളുടെ ബലക്ഷയത്തിനും കാരണമാകും. എല്ലാ ദിവസവും പയർധാന്യവർഗങ്ങൾ ഉൾപ്പെടുത്തണം. ഗോതമ്പ്, കടല, പരിപ്പ്, ചെറുപയർ(മുളപ്പിച്ചത് അത്യുത്തമം), എന്നിവ പ്രധാനഭക്ഷണമായി ദിവസവും ഉപയോഗിക്കണം. മുലയൂട്ടുന്നതിനു മുൻപും ശേഷവും ധാരാളം വെള്ളവും ദ്രാവകഭക്ഷണങ്ങളും ഉപയോഗിക്കണം. മുലയൂട്ടുന്ന കാലയളവിൽ ജങ്ക് food ഒഴിവാക്കുന്നത് നല്ലത്. പെപ്സി കോള tinned or കടലാസ്/പ്ലാസ്റ്റിക് പാത്രങ്ങളിലെ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. മത്സ്യവും മാംസവും മുട്ടയും ആവശ്യത്തിന് ഉപയോഗിച്ചാൽ മാത്രമേ വേണ്ടത്ര പോഷണം കിട്ടുകയുള്ളൂ. വെജിറ്റേറിയൻ അമ്മമാർ പാലും പാലുൽപ്പന്നങ്ങളും (വെണ്ണ നെയ്യ് ചീസ് തൈര് യോഗർട് എന്നിവ) ദിവസവും ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. Diabetic അമ്മമാർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം diet ക്രമീകരിക്കുക. പാലൂട്ടുന്ന മുഴുവൻ കാലയളവിലും യാതൊരുവിധ ഡയറ്റ് പ്ലാനും ഉണ്ടാവാതിരിക്കുക.വലിച്ച് വാരി തിന്നണം എന്നർത്ഥമില്ല എന്നതും ഓർക്കുക. സാധാരണ കഴിക്കുന്നതിനേക്കാൾ കുറച്ചധികം കഴിക്കുക, പക്ഷെ കഴിക്കുന്ന ഭക്ഷണത്തിൽ മേൽപ്പറഞ്ഞ രീതിയിൽ മാറ്റങ്ങൾ വരുത്തുക. ഒരു നേരം പഴവർഗങ്ങൾ ശീലമാക്കുക. അയൺ ഗുളികകൾ ആദ്യത്തെ മൂന്നു മാസത്തേക്ക് നിർബന്ധമായും കഴിക്കുക. അയണും കാൽസിയവും ഒന്നിച്ചു കഴിച്ചാൽ ആഗിരണം നടക്കില്ല. അയൺ രാവിലെ വെറും വയറ്റിലും കാൽസ്യം രാത്രിയും കഴിച്ച് ശീലിച്ചാൽ ഗുളിക കഴിക്കുന്നത് ഓർക്കാൻ എളുപ്പമായിരിക്കും. വെറും വയറ്റിൽ അയൺ കഴിച്ചാൽ അസിഡിറ്റി പ്രോബ്ലം വന്നേക്കാം. അങ്ങനെയാണെങ്കിൽ കുറച്ച് ഭക്ഷണം കഴിച്ചശേഷം കഴിച്ചാലും മതി. മരുന്നു നിർത്തുന്നതിലും ഭേദമാണ്. അസിഡിറ്റി കൂടുന്നെങ്കിൽ ഡോക്ടറെ സമീപിക്കുക. അയൺ ഗുളിക പാൽ, പാൽ ചേർത്തചായ, കാപ്പി എന്നിവയോടൊപ്പം ആകരുത്. ആഗിരണം കുറയും. ഏതൊരു മരുന്നും കഴിക്കുന്നതിനു മുന്നേ ഡോക്ടറുടെ ഉപദേശം തേടുക.
പ്രസവശേഷമുള്ള വ്യായാമവും ഉറക്കവും വേണ്ടത്ര ലഭ്യമാകുന്നത് മനസികശാരീരിക പിരിമുറുക്കത്തെ കുറച്ച് പാലുല്പാദനത്തെ സഹായിക്കും.
പ്രസവശേഷമുള്ള മാനസികപിരിമുറുക്കവും മാനസികഅസ്വാസ്ഥ്യങ്ങളും കൂടിക്കൊണ്ടിരിക്കുന്നത്ര സ്ട്രെസ്സ്ഫുൾ ആയ സാഹചര്യങ്ങളിലേക്കാണ് സമൂഹം പോയിക്കൊണ്ടിരിക്കുന്നതെന്നും മറക്കരുത്. കുഞ്ഞിനെ പരിചരിക്കാൻ ഇഷ്ടമില്ലാത്ത സ്ത്രീകളെ അവജ്ഞയോടെ നോക്കുന്നതിനു പകരം അതിൽ പ്രസവസംബന്ധമായ മനസികരോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ആത്മ ആത്മഹത്യയിലേക്കും ശിശുഹത്യയിലേക്കും വരെ എത്തിയേക്കാവുന്നത്ര ഗൗരവമുള്ള അവസ്ഥയാണ് postpartum psychosis എന്നത് കണക്കിലെടുത്തു സ്ട്രെസ് കൂടിയ അമ്മമാർക്ക് മാനസികാരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
ആദ്യത്തെ ആറുമാസങ്ങൾക്കു ശേഷം എന്തൊക്കെ ഭക്ഷണപദാർത്ഥങ്ങൾ കുഞ്ഞിന് കൊടുത്തു് തുടങ്ങാം?
ഭക്ഷണത്തെ നാല് വിഭാഗങ്ങളായി തിരിക്കാം.
1 ധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ
2 പാലുല്പന്നങ്ങൾ (പശുവിൻ പാൽ ഒരു വർഷം പൂർത്തിയാകുമ്പോൾ മാത്രം)
3 മത്സ്യം, മാംസം, മുട്ട (മുട്ടയുടെ മഞ്ഞ ആദ്യം കൊടുക്കുക. കുറച്ച് നാളുകൾക്കു ശേഷം വെള്ള)
4 വിറ്റാമിൻ എ ഉള്ള വിഭവങ്ങൾ (കാരറ്റ്, തക്കാളി, മത്തൻ, പപ്പായ, പച്ചിലകൾ തുടങ്ങിയവ )
കുട്ടികളെ മൂന്ന് വിഭാഗങ്ങളിലായി തരം തിരിച്ചു മുകളിൽ പറഞ്ഞ ഭക്ഷ്യവിഭാഗങ്ങളിൽ രണ്ടോ ധികമോ നൽകാവുന്നതാണ്. (വൃത്തിയുള്ള കൈകൾ കൊണ്ട് വൃത്തിയുള്ള പാത്രത്തിൽ കുഞ്ഞിന്റെ ഭക്ഷണം തയ്യാറാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഉപയോഗിക്കുന്ന വെള്ളവും സുരക്ഷിതമായിരിക്കണം.)
മുലപ്പാൽ കുടിക്കുന്ന 6-8 മാസങ്ങൾ വരെ പ്രായമുള്ള കുട്ടികൾക്ക് മിനിമം രണ്ട്‌ തവണ, 9-23 മാസങ്ങൾക്കു മിനിമം മൂന്ന് തവണ, മുലപ്പാൽ കുടിക്കാത്ത 6-23 മാസങ്ങൾക്കു മിനിമം നാല് തവണ എന്നിങ്ങനെ മുകളിൽ പറഞ്ഞ വിഭാഗങ്ങൾ കൊടുക്കേണ്ടതാണ്. മുലയൂട്ടൽ മിനിമം രണ്ട്‌ വർഷത്തേക്ക് തുടരാൻ ആണ് WHO നിഷ്കർഷിക്കുന്നത്. Extended breast feeding പ്രകാരം കുഞ്ഞ് നിർത്തും വരെ മുലയൂട്ടൽ തുടരാം.
ജനിച്ചു ഒരു മാസം ഒക്കെ ആവുമ്പോളേക്കും കുഞ്ഞ് അമ്മയോട് ഒരു തരം അടുപ്പം കാണിക്കും. Intense regard for mother's face, sound, smell. അതുകൊണ്ടാണ്, മുലകുടിക്കുന്നതിനിടയിലും കുഞ്ഞ് അമ്മയെ നോക്കുന്നത് (ഇടയ്ക്കു പാൽകുടിക്കുന്നത് നിർത്തിക്കൊണ്ട്പോലും). അമ്മയോടുള്ള സ്വാഭാവികമായ മാനസികഅടുപ്പം വികസിക്കുന്നതിനു ഇത് വളരെ സഹായകം ആണ്. മൂടിവെച്ചു മുലകൊടുക്കുമ്പോൾ ഇല്ലാതാവുന്നത് വളർച്ചയിലെ പ്രത്യേക ഘട്ടം തന്നെയാണ്. സാധ്യമാവുന്ന അവസരങ്ങളിലെല്ലാം കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി കുഞ്ഞിനോട് സംസാരിച്ചുകൊണ്ട് മുലയൂട്ടാൻ ശ്രദ്ധിക്കുക.
ജനിക്കുമ്പോൾ underweight ആയ കുട്ടികൾക്ക് പ്രത്യേകതരത്തിലുള്ള ഫീഡിങ് രീതികൾ ഉണ്ട്. ഡോക്ടറുടെ നിർദ്ദേശം പിന്തുടരുക തന്നെ ചെയ്യുക.
Fore milk, hindmilk എന്നൊരു വിഭജനം ഉണ്ട്. മുലയൂട്ടുമ്പോൾ ആദ്യം വരുന്ന പാൽ foremilk, അവസാനഭാഗം hindmilk. ആദ്യം വരുന്ന പാലിൽ വെള്ളവും പോഷകമിനെറലുകളും ആണ് കൂടുതൽ ഉള്ളത് . വിശപ്പില്ലാതാക്കാനും, വളർച്ചക്കും ആവശ്യമായ (പ്രത്യേകിച്ച് മസ്തിഷ്‌കത്തിന്റെ വളർച്ചക്ക് ആവശ്യമായ) കൊഴുപ്പ് hindmilkലുമാണ് കൂടുതൽ. അതായത്, ഒരു മുല അതിലുള്ള പാൽ മുഴുവനായും ചുരത്തിക്കഴിയുമ്പോൾ മാത്രമേ ആവശ്യമായ എല്ലാ പോഷകവും കുഞ്ഞിന് ലഭ്യമാകുന്നുള്ളു. Foremilk മാത്രം ലഭിക്കുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തും. കാരണം,കുറച്ചുനേരത്തേക്കുള്ള ദാഹം മാറിക്കിട്ടുന്നു. പക്ഷെ, കുറച്ചുകഴിയുമ്പോൾ ക്ഷീണവും വിശപ്പും കൂടുന്നു. അതിനാൽ ഒരു മുല ചുരത്തിക്കഴിഞ്ഞ ശേഷം മാത്രം രണ്ടാമത്തെ മുലയൂട്ടുക.
പ്രസവശേഷം കുഞ്ഞിന് പാൽ കൊടുക്കുന്നതിന്റെ ഭാഗമായി അമ്മയ്ക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം കുറേ മാസങ്ങളിലേക്കു ആർത്തവം ഉണ്ടായെന്നു വരില്ല. ആർത്തവം ഉണ്ടായില്ലെങ്കിൽ പോലും ovulation നടക്കാം. So, പ്രസവശേഷം, യോനീസ്രവം നിന്ന് (ആറോളം ആഴ്ചകൾക്കു ശേഷം)കഴിഞ്ഞ് സെക്സ് പുനരാരംഭിക്കുമ്പോൾ നിർബന്ധമായും ഗർഭനിരോധനം ഉറപ്പുവരുത്തുക. ഒരു പ്രസവത്തിനു ശേഷം നാലോ അഞ്ചോ മാസങ്ങൾ ആർത്തവം ഇല്ലാതെ കഴിഞ്ഞ് വയറു വീർത്തപ്പോൾ മാത്രം ഗർഭം അറിഞ്ഞവർ കുറവല്ല നമ്മുടെ നാട്ടിൽ.
പ്രസവശേഷം ആർത്തവം തിരിച്ചുവരാനുള്ള സമയം കൃത്യമായി പറയാനൊക്കില്ല. കുറച്ച് മാസങ്ങൾ മുതൽ ഒന്നൊന്നര വർഷം വരെയോ, ചിലരിൽ കുഞ്ഞ് പാലുകുടി തുടരുംവരെയോ ആർത്തവമില്ലായ്മ തുടരാം. ഈ കാലയളവിന്റെ ദൈർഘ്യം കൂടുംതോറും ഹോർമോണൽ പ്രശ്നങ്ങൾ കാരണം അമിതമായ വിയർപ്പ്, ചൂട് താങ്ങാൻ ബുദ്ധിമുട്ട്, ക്ഷീണം, വെപ്രാളം എന്നിങ്ങനെ പല പ്രശ്‌നങ്ങൾ ഉണ്ടാവാം. കൂടുതലായാൽ ഡോക്ടറെ കാണുക. ആർത്തവം തിരിച്ചു വരുന്നതോടെ മിക്ക പ്രശ്നങ്ങളും ശെരിയാവും.
Breast പമ്പിനെക്കുറിച്ച് :
ജോലിസംബന്ധമായോ ഇൻഫെക്ഷൻ കാരണമോ മറ്റോ കുഞ്ഞിന്റെ അടുത്തുനിന്നും മാറിയിരിക്കുന്ന അമ്മമാർക്കു പാൽചുരത്തുന്നത് നിലക്കാതിരിക്കാൻ breast പമ്പ് ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്കു കുഞ്ഞുപയോഗിച്ച ഡ്രസ്സ്‌ ഒക്കെ മണത്തുനോക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ശബ്ദംകേൾക്കുക, കുഞ്ഞിന്റെ ഗന്ധം അറിയുക , കുഞ്ഞിനെ കാണുക(നേരിട്ടല്ലെങ്കിൽ ഫോട്ടോ/video) എന്നിവയൊക്കെ മസ്തിഷ്കത്തിൽ നിന്നും ഓക്സിടോസിൻ എന്ന ഹോർമോൺ ഉണ്ടാവാൻ സഹായിക്കുന്നു. പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ ആണ് ഓക്സിടോക്സിൻ.
Comfortable ആയ പമ്പ് തെരഞ്ഞെടുക്കാവുന്നതാണ്. ചെറിയ പ്രഷറിൽ പമ്പ് ചെയ്ത് തുടങ്ങുക. രാവിലെ ആണ് മിക്കവരിലും കൂടുതൽ പാൽ കാണുന്നത്. ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ കുഞ്ഞിനെ പാലൂട്ടി കഴിഞ്ഞ് അരമണിക്കൂറിനു ശേഷം പമ്പ് ചെയ്ത് തുടങ്ങാം. കുഞ്ഞ് പാൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത ബ്രെസ്റ്റ് പമ്പ് ചെയ്യുകയും ചെയ്യാം. പത്തുമിനിറ്റ് മുതൽ ഇരുപത് മിനിറ്റ് വരെ പമ്പ് ചെയ്യാവുന്നതാണ്. വേദന വരികയാണെങ്കിൽ നിർത്തുക. കുറച്ച് നേരം വെയിറ്റ് ചെയ്ത് വീണ്ടും ശ്രമിക്കുക. പമ്പ് ചെയ്യുന്ന ബ്രെസ്റ്റിൽ മസ്സാജ് ചെയ്താൽ പാലുള്ള ഭാഗങ്ങളിൽ നിന്നും പാൽ express ചെയ്തെടുക്കാൻ എളുപ്പമാകും എന്ന് മാത്രമല്ല അത് പാൽ ചുരത്തുന്നതിനെ ഉദ്ധീപിപ്പിക്കുകയും ചെയ്യും. Regular intervalൽ അല്ലെങ്കിൽ കുഞ്ഞ് കുടിക്കുന്ന interval സമയം കണക്കാക്കി പമ്പ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ദിവസം ഒരു നേരം മാത്രം പമ്പ് ചെയ്തതുകൊണ്ട് കാര്യമില്ല എന്ന് സാരം. കുഞ്ഞ് പാൽ കുടിക്കാത്ത ദിവസങ്ങളിൽ Mastitis (സ്തനവീക്കം) തടയാൻ പമ്പിങ് സഹായിക്കും. Mastitis വരികയാണെങ്കിലും പമ്പിങ് തുടരുക. ചൂട് പിടിക്കുക. തീർച്ചയായും ഡോക്ടറെ കണ്ട് ഉപദേശം തേടുക. ഡോക്ടർ എന്നത് കൊണ്ടുദ്ദേശിച്ചത് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഡോക്ടർ എന്നാണ്.
പമ്പ് ചെയ്ത പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വൃത്തിയുള്ള കൈകൾ കൊണ്ടാവണം കുഞ്ഞിനു സംഭരിക്കുന്ന പാൽ കൈകാര്യം ചെയ്യേണ്ടത്. പാൽ ശേഖരിച്ചുവെച്ച പാത്രം അടച്ചു സൂക്ഷിക്കുക. ഫ്രീസറിൽ വെക്കേണ്ട കാര്യമില്ല. 12മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. അമ്മ കഴിക്കുന്ന ആഹാരത്തിനനുസരിച്ചു പാലിന്റെ നിറത്തിൽ ചില കളർ വ്യത്യാസം കണ്ടേക്കാം. തണുപ്പിക്കുന്ന പാലിന്റെ കൊഴുപ്പ് മുകളിൽ പൊങ്ങി നിൽക്കാം. അത് പ്രശ്നമുള്ളതല്ല.
ഏത് മരുന്ന് കഴിക്കുമ്പോഴും അത്‌ ഉപയോഗിക്കുമ്പോൾ മുലയൂട്ടുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ഡോക്ടറോട് ചോദിച്ചുറപ്പ് വരുത്തുക. മരുന്ന് നിർത്തി എത്ര മണിക്കൂറുകൾ കഴിഞ്ഞ് breast feeding സ്റ്റാർട്ട്‌ ചെയ്യാം എന്ന് ചോദിച്ചറിയുക.
കുഞ്ഞിനെ മുലയൂട്ടുന്നത് പെട്ടെന്നൊരു ദിവസം നിർത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കും. പല ആഴ്ചകൾ കൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ മുലയൂട്ടൽ നിർത്താവൂ. ഉദാഹരണത്തിന് ആദ്യം ദിവസം ആറു പ്രാവശ്യം കൊടുത്തത് അഞ്ചായി കുറക്കുക, ആ രീതി ഒരാഴ്ച തുടരുക പിന്നെ നാല് മൂന്ന് അങ്ങനെ കുറേ ആഴ്ചകൾ എടുത്ത് പതുക്കെ നിർത്തുക. Mastitis വരാതെ സുരക്ഷിതമായി മുലയൂട്ടൽ നിർത്താൻ ഈ രീതി സഹായിക്കും.
ചെന്നിനായകമൊക്കെ മുലകളിൽ തേച്ചുപിടിപ്പിച്ചു കയ്പുകൊണ്ട് കുട്ടിയെ അകറ്റുക എന്ന തന്ത്രമൊക്കെ ഇന്നും പയറ്റുന്നുണ്ടോ എന്നറിയില്ല. കുറച്ച് ക്ഷമയുണ്ടെങ്കിൽ കുഞ്ഞിനെ വിഷമിപ്പിക്കാതെ പാല്കുടി നിർത്താൻ കഴിയും.
IMS act infant milk substituutes, feeding bottles, infant food ( regulation of production, supply and distribution) act 1992 and ammendment act 2003 പ്രകാരം മുലപ്പാലിന് അനുരൂപമായ പദാർത്ഥങ്ങൾക്കും ഫീഡിങ് ബോട്ടിലുകൾക്കും ശിശുക്കളുടെ ഭക്ഷണത്തിനും നിയന്ത്രണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്.
NB: ഈ വിഷയത്തോട് ബന്ധപ്പെട്ടെഴുതിയ മറ്റു പോസ്റ്റുകൾ കമന്റ്‌ ബോക്സിൽ കൊടുക്കുന്നു.

Comments